മൂന്നാര്‍
--
എന്റെ പേര് അഭിലാഷ്. ഞാന്‍ മൂന്നാറിനെ കുറിച്ച പറയാന്‍ കാരണം ഉണ്ട്. എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കുറേ നിമിഷങ്ങള്‍ സമ്മാനിച്ച ഒരു നഗരം ആണ് ഇത്. ഞാനും എന്റെ കൂട്ടുകാരും 4 വര്ഷം ചിലവഴിച്ചത് മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിലെ തണുത്ത ക്ലാസ്സ് മുറികളില്‍ ആയിരുന്നു. ക്ലാസ്സ് മുറികളില്‍ തണുപ്പ് ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ ജീവിതം അടിപൊളി ആയിരുന്നു അവിടെ. മൂന്നാറിനെ കുറിച്ച് എനിക്ക് അറിയാവുന്നതും വിക്കിപീടിയ തരുന്ന വിവരങ്ങളും വെച്ചാണ് ഈ ആര്‍ട്ടിക്കിള്‍ ഞാന്‍ ഉണ്ടാകിയത്.
മൂന്നാറിനെ കുറിച്ച് പറയാം. ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ . മൂന്നാർ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്..ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരുപാട് കാഴ്ചകള്‍ തന്ന ഒരു സ്ഥലം ആണ് ഇത്.കേരളത്തിലെ ഏറ്റവും ഉയരം കൂടിയ നഗരം കൂടി ആണ് ഇത്.മുതിരപ്പുഴ, ചന്തുവരായി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മൂന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്.സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600–1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 14 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . രാത്രി സമയങ്ങളില്‍ താപനില -6°C ഒക്കെ ആയിട്ടുണ്ട് ഞങ്ങള്‍ അവിടെ പഠിച്ചിരുന്ന സമയത്ത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.
ഞങ്ങള്‍ മുന്നാറില്‍ പഠിക്കാന്‍ വരുന്നത് 2010 ജൂലൈ മാസം ആണ്.മൂന്നാറില്‍ അന്ന് നല്ല തണുപ്പ് ആണ്.നല്ല മൂടല്‍ മഞ്ഞും ഇടക്ക് ഇടയ്ക്കു ഉള്ള മഴയും.നനഞ്ഞു കുളിച്ചു കിടക്കുന്ന ഒരു പ്രദേശം ആയിരുന്നു അന്ന് മൂന്നാർ .മൂന്നാറില്‍ നിന്നും അടിമാലി റൂട്ടില്‍ കല്ലാര്‍ എന്നൊരു സ്ഥലം ഉണ്ട്.അവിടെ ആയിര്നുന്നു ഞങളുടെ ഹോസ്റ്റല്‍.അവിടെ ഒരു വെള്ള ചാട്ടം ഉണ്ട്.കല്ലാര്‍ വെള്ളച്ചാട്ടം.എന്നും വൈകീട്ട് ക്ലാസ്സ് കഴിഞ്ഞു ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്ത പോയി നില്‍ക്കും.കൂട്ടത്തില്‍ പുക വലിക്കുന്ന ചിലര്‍ ഉണ്ട്.അവര്‍ക്ക് മൂന്നാർ ഒരു സ്വര്‍ഗം ആയിരുന്നു.വെള്ളച്ചാട്ടത്തിന്റെ അടിയില്‍ പോയി ആ തണുപ്പത്ത് ഒരു പുക നീട്ടി വലിച് വിടുന്നതിന്റെ സുഖം ഒന്ന് വേറെ ആണെന്നാണ് അവര്‍ പറയാറ്.
അടുത്ത വര്ഷം ഞങ്ങള്‍ മുന്നാറിലോട്ടു ഒരു റൂം ഇടുത്തു താമസം മാറി.15+ ആള്‍ക്കാര്‍ ഉള്ള ആ റൂമിനെ ഞങ്ങള്‍ എസ് എസ് ബി എന്ന് വിളിച്ചു.ബാക്കി ഉള്ള 3 വര്‍ഷങ്ങള്‍ ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് തന്നത്.ഒരുപാട് യാത്രകള്‍ പോയി.അടിയും ഇടിയും തമാശകളും പ്രണയങ്ങളും ഒക്കെയായി ബാക്കി ഉള്ള ഞങ്ങളുടെ ജീവിതം ഒരു ആഘോഷം ആയിരുന്നു.
മുന്നാര്‍ നിന്നും 40 കിലോമീറ്റര്‍ അകലെ മറയൂര്‍ എന്ന് പറയുന്ന സ്ഥലം ചിലപ്പോ നിങ്ങള്‍ കേട്ട് കാണും.മറയൂര്‍ ചന്ദന കാട് അത്യാവിശ്യം ഫേമസ് ആണ്.പിന്നെ കരിമ്പ്, ആപ്പിള്‍..അങ്ങിനെ എല്ലാം ഉണ്ട് ഇവിടെ.ഞങ്ങളുടെ റൂമില്‍ ഒരുത്തന്റെ വീട് മറയൂരില്‍ കാന്തല്ലൂര്‍ എന്ന സ്ഥലത്തായിരുന്നു.അവിടെ അവനു ഒരു ഹോം സ്റ്റേ ഉണ്ട്.”Thoppans orchard” എന്നാണു അതിന്റെ പേര്. “നല്ലവനായ” അവന്റെ കാരുണ്യത്തില്‍ ഞങ്ങള്‍ക്ക് കുറച്ച തവണ അവിടെ ഫ്രീ ആയി നില്ക്കാന്‍ സാധിച്ചിട്ടുണ്ട്.ആപ്പിളും ,ഓറഞ്ചും,പീച്ചും,ബ്ലാക്ക് ബെറിയും ,സ്ട്രോബെറിയും നമ്മുടെ നാടന്‍ പേരക്കയും എല്ലാം ഉള്ള ഒരു അടിപൊളി ഹോം സ്റ്റേ..ഞങ്ങള്‍ അതൊക്കെ പൊട്ടിച്ചു തിന്നു എങ്കിലും നിങ്ങള്‍ അവിടെ പോയാല്‍ അങ്ങിനെ ഒന്നും ചെയ്യരുത് കേട്ടോ.ഞങ്ങള്‍ അവിടെ പോയി നിന്നപ്പോള്‍ ഒക്കെ ഞങ്ങളുടെ കൂടെ ഉള്ള പുകവലികാരും മദ്യപാനികളും ഫുള്‍ ടൈം കിറുങ്ങി നടക്കുവായിരുന്നു.(ഞാന്‍ അടക്കം)..ഒരു ഫോട്ടോഗ്രാഫര്‍ മൂന്നാര്‍ വന്നാല്‍ എന്തായല്യം മറയൂര്‍ക്ക് ഒന്ന് പോകണം.മറയൂര്‍ എന്ന സ്ഥലം മൂന്നാര്‍ ഉടുമ്മല്‍പേട്ട് റൂട്ടില്‍ ആണ്.മൂന്നാര്‍ നിന്നും മറയൂര്‍ പോകുന്ന റൂട്ടില്‍ ഒരുപാട് വെള്ളച്ചാട്ടങ്ങളും മലകളും പുല്‍ചെരുവുകളും ഒക്കെ ഉണ്ട്.ഇരവികുളം നാഷനൽ പാർക്ക് ഈ റൂട്ടില്‍ ആണ്. വരയാടിനെ കാണാന്‍ ഇവിടെ തന്നെ പോകണം.
മൂന്നാര്‍ വന്നാല്‍ പിന്നെ പോകാന്‍ ഉള്ളത് മാട്ടുപെട്ടി ഡാം ആണ്.അത് കഴിഞ്ഞാല്‍ പിന്നെ എക്കോ പോയിന്റ്.ടോപ് സ്റ്റേഷന്‍.ഇതിനെ കുരിച്ചുന്ജന്‍ അധികം പറയുന്നില്ല.ഇത് എല്ലാം ഫോടോഗ്രഫിക്ക് പറ്റിയ സ്ഥലങ്ങള്‍ ആണ്.മൂന്നാര്‍ ചുമ്മാ ഒരു ദിവസം ടൂറിനു വരരുത്.മൂന്നാര്‍ കൊറേ കാണാന്‍ ഉണ്ട്.മൂന്നാര്‍ നിന്ന് തേനി പോകുന്ന റൂട്ടില്‍ ഗ്യാപ്പ് റോഡ് ഉണ്ട്.അത് വഴി ഉള്ള ബൈക്ക് യാത്ര ഒരു സംഭവം തന്നെ ആണ്.ഞങ്ങള്‍ അത് വഴി ചുമ്മാ ബൈക്ക് ഇടുത്തു കറങ്ങാറുണ്ട്.അത് എല്ലാം ഇന്ന് ഓര്‍മ്മിക്കാന്‍ ഉള്ള ഓരോരോ നിമിഷങ്ങള്‍ മാത്രം ആയി.
മൂന്നാറിനെ കുറിച് വിക്കി പീഡിയ പറയുന്നത് താഴെ കൊടുക്കുന്നു:
മൂന്നാറിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ മോണോറെയിൽ സ്ഥാപിക്കപ്പെട്ടിരുന്നു. ജലവൈദ്യുതി പദ്ധതിക്ക് വഴികാട്ടിയായതും കന്നുകാലി വർഗോർദ്ധരണത്തിന് തുടക്കമിട്ടതും ഈ മണ്ണിൽ നിന്നാണ്. 1790ലാണ് ബ്രിട്ടിഷുകാർ ആദ്യം കണ്ണൻ ദേവൻ കുന്നുകളിൽ വന്നത്. അന്നത്തെ സായ്പിന്റെ വരവ് ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെങ്കിലും അത് വേണ്ടി വന്നില്ല. 1817ൽ ഈ പ്രദേശത്ത് സർവേക്കായി മദിരാശി ആർമിയിൽ നിന്ന് ഉദ്യോഗസ്ഥരെത്തെി. 1888ലാണ് കണ്ണൻ ദേവൻ പ്ളാന്റേഴ്സ് അസോസിയേഷൻറ പിറവി. അപ്പോഴെക്കും പാർവതി മലയിലെ 50 ഏക്കർ സ്ഥലത്ത് തേയില കൃഷി ആരംഭിച്ചിരുന്നു. ആദ്യ റബ്ബർ തൈ നട്ടതും അടുത്ത കാലം വരെ മൂന്നാർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന മാങ്കുളത്താണ്. മൂന്നാർ മലകൾ തേയില കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടത്തെിയതോടെ മൂന്നാറിന്റെ കുതിപ്പിന് തുടക്കമായി. 1915ൽ മൂന്നാറിൽ ധാരാളം തേയിൽ എസ്റ്റേറ്റുകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. 16 ഫാക്ടറികൾ അന്ന് പ്രവർത്തിച്ചിരുന്നു. ചരക്ക് നീക്കത്തിന് വേണ്ടിയാണ് റോഡുകൾ നിർമ്മിക്കപ്പെട്ടത്. 1902ൽ മൂന്നാറിനെ ടോപ്പ് സ്റ്റേഷനുമായി ബന്ധിപ്പിച്ച് മോണോറെയിൽ സ്ഥാപിച്ചു. ടോപ്പ് സ്റ്റേഷനിൽ നിന്ന് റോപ്‌വേയിലുടെ കോട്ടക്കുടിയിലും അവിടെ നിന്നും തൂത്തുക്കുടി തുറമുഖത്തും എത്തിച്ചായിരുന്നു തേയില ബ്രിട്ടണിലേക്ക് കയറ്റി അയച്ചിരുന്നത്. വിവിധ എസ്റ്റേറ്റുകളിൽ നിന്ന് കാളവണ്ടി മാർഗമാണ് തേയില മൂന്നാറിൽ എത്തിച്ചിരുന്നത്. ഇതിന് വേണ്ടി 500 കാളകളെ വിദേശത്ത് നിന്നും ഇറക്കുമതി. ചെയ്തു. ഒപ്പം ഇംഗ്ളണ്ടിൽ നിന്ന് വെറ്ററനറി സർജനും രണ്ട് സഹായികളും എത്തി. കുണ്ടളയിലായിരുന്നു ഈ കാലികൾക്കായി ഷെഡ് ഒരുക്കിയത്. പിന്നിട് കുണ്ടളയിൽ സാൻഡോസ് കോളനി ആരംഭിക്കാൻ കാരണമായതും അന്നത്തെ സംഭവമാണ്. പിന്നീട് മാടുപ്പെട്ടിയിൽ ഇൻഡോ-സ്വീസ് പ്രോജക്ട് സ്ഥാപിക്കുകയും ഇവിടം കേരളത്തിലെ കന്നുകാലി വർഗോദ്ധാരണത്തിന്റെ തുടക്കമിട്ട സ്ഥലമാകുകയും ചെയ്തു. മാടുകളുടെ ഗ്രാമം എന്നർഥം വരുന്ന മാടുപ്പെട്ടിയിൽ വികസിപ്പിച്ചെടുത്ത ‘സുനന്ദനി’എന്ന സങ്കരയിനം ബീജമാണ് കേരളത്തിൽ ധവള വിപ്ലവത്തിന് വഴിയൊരുക്കിയത്..
മോണോറെയിൽ 1908ൽ തീവണ്ടി പാതയായി മാറി. മാടുപെട്ടിയിലും പാലാറിലും റെയിൽവേ സ്റ്റേഷനുകളുമുണ്ടായിരുന്നു. എന്നാൽ, 1924ലെ വെള്ളപ്പൊക്കത്തിൽ തീവണ്ടിപാത തകർന്നു. മൂന്നാർ ടൗണും അന്നത്തെ കനത്ത പ്രളയത്തിൽ തകർന്നു. തീവണ്ടിപാതയുടെ തകർച്ചയെ തുടർന്ന് റോപ്‌വേയെ ആശ്രയിച്ചാണ് തേയില ടോപ്‌സ്റ്റേഷനിൽ എത്തിച്ചത്. പിന്നിടാണ് പാതകൾ വികസിപ്പിച്ചതും തേയില നീക്കം റോഡ് മാർഗമാക്കിയതും.
ഇതിനിടെ ആദ്യ ജലവൈദ്യുതി നിലയം 1906ൽ പെരിയകനാൽ പവ്വർ ഹൗസിൽ പ്രവർത്തിച്ച് തുടങ്ങി. പഴയദേവികുളം ലേക്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചണ് 200 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചത്. രണ്ടാമത് നിലയം പള്ളിവാസലിലും ആരംഭിച്ചു. ഇപ്പോഴത്തെ ഹെഡ്വർക്സ് ഡാമിന് സമീപത്ത് ചെക്ക് ഡാം നിർമ്മിച്ചാണ് വെള്ളം തിരിച്ച് വിട്ടത്. ഇതിനെ ചുവട് പിടിച്ചാണ് സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിരിക്കെ തിരുവിതാംകൂർ സർക്കാരിന്റെ ഉടമസ്ഥതയിൽ പള്ളിവാസൽ ജലവൈദ്യൂതി പദ്ധതി ആരംഭിച്ചത്. ഇതിനിടെ കമ്പനിയുടെ ആവശ്യത്തിനായി ടെലഫോൺ, തപാൽ സംവിധാനങ്ങളും ആരംഭിച്ചിരുന്നു. വാർത്താവിനിമയ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയതാണ് അവ.
തമിഴ്നാടിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് തൊഴിലാളികളെ കൊണ്ട് വന്നത്. അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടു. കങ്കാണിമാരുടെ കീഴിൽ തൊഴിലാളികൾ ദുരതമനുഭവിച്ചു.12 മണിക്കൂർ ജോലി, ഒരു വീട്ടിൽ ചാക്ക് കൊണ്ട് മറച്ച് അഞ്ച് കുടംബങ്ങൾ, രണ്ട് ദിവസത്തെ ജോലിക്ക് ഒരു ദിവസത്തെ ശമ്പളം അങ്ങനെ ദുരിതപൂർണമായിരുന്നു മൂന്നാറിന്റെ മുൻതലമറുയുടെ ജീവിതം. അന്ന് രണ്ട് തരം പിരതി (പേ സ്ളിപ്)യാണ് ഉണ്ടായിരുന്നത്-കറുപ്പും വെളുപ്പും. കുറപ്പ് പിരതിയുള്ള തൊഴിലാളി മുൻകൂർ പണം കൈപ്പറ്റിയിട്ടുള്ളവർ, വെളുത്ത പിരതിയാണെങ്കിൽ മറിച്ചും. കറുപ്പ് പിരതിയുള്ള തൊഴിലാളിയുടെ കടം ഒരിക്കലും തീരുമായിരുന്നില്ല. കങ്കാണിയാണ് നിശ്ചയിക്കുന്നത് ആർക്കൊക്കെ എതൊക്കെ പിരതി കൊടുക്കണമെന്ന്. അന്ന് ആറ് മാസത്തിലൊരിക്കലാണ് കണക്ക് തീർത്തിരുന്നത്. അത് വരെ ഒരണയും അരയണയും ചെലവ് കാശായി കൊടുക്കുമായിരുന്നു. തോട്ടം തൊഴിലാളികളുടെ ദുരിതം കേട്ടറിഞ്ഞ് കെ. കാമരാജ് മൂന്നാറിൽ എത്തിയിരുന്നു. 1948 ഫെബ്രുവരി എട്ടിനാണ് ഐ.എൻ.ടി.യു.സി. സ്ഥാപക സെക്രട്ടറി ജനറലൽ ഗന്ധുഭായ് ദേശായിക്കൊപ്പം കാമരാജ് മൂന്നാറിൽ എത്തിയത്. തോട്ടം തൊഴിലാകളുടെ പ്രശ്നങ്ങൾ പുറം ലോകമറിഞ്ഞതും കാമരാജിന്റെ സന്ദർശനത്തെ തുടർന്നാണ്. 1952ന് ശേഷം നടന്ന സമരങ്ങളെ തുടർന്നാണ് തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരത്തിൽ മാറ്റം വന്നത്. തോട്ടം തൊഴിലാളി സമരത്തിനിടെയിൽ രണ്ട് തൊഴിലാളികൾക്ക് (ഹസൻ റാവുത്തർ, പാപ്പമ്മാൾ എന്നിവർ) ജീവൻ നഷ്ടമായി. 1958 ഒക്ടോബറിൽ ഗൂഡാർവിളയിൽ നടന്ന പോലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചത്.
നീലകുറിഞ്ഞി എന്ന് എല്ലാവരും കേട്ട് കാണും.മൂന്നാര്‍ എന്ന് പറയുന്ന കേരളത്തിലെ ഏറ്റവും ഉയരം കൂടിയ നഗരത്തെ ലോകത്തിന്റെ തന്നെ ഏറ്റവും ഇഷ്ടപെട്ട ടൂറിസം സ്പോട്ട് ആകിയ ഒരു പൂവാണ് ഇത്.
Strobilanthes kunthiana എന്ന് ശാസ്ത്ര നാമം ഉള്ള ഈ പൂവ് 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ പൂത്ത് കാണാറുള്ളു.പക്ഷെ കഴിഞ്ഞ വര്ഷം എല്ലാരേയും അമ്പരിപ്പിച്ചു കൊണ്ട് ഈ വിരുതന്‍ മൂന്നാറിലെ ചില മലകളില്‍ തല പൊക്കി.ഞങ്ങള്‍ 4 വര്ഷം അവിടെ പഠിച്ച്ചപോള്‍ ഒന്നും ഈ വിരുതന്‍ പൂത്തിട്ടില്ല.ഞങ്ങളെ എല്ലാരേം ശശി ആക്കികൊണ്ട് ആയിരുന്നു ഞങ്ങള്‍ മൂന്നാര്‍ വിട്ടു 6 മാസം കഴിയും മുന്പേ ഇത് പൂത്തത്.അത് ഒരു ചതി ആയിപോയി.എങ്കിലും ഞങ്ങള്‍ പോയി കണ്ടു.ഇനി ഒരിക്കല്‍ പോവാന്‍ പറ്റിയില്ലെങ്കിലോ..ഞങ്ങള്‍ മൂന്നാര്‍ ഉണ്ടായിരുന്നപ്പോ ഞങ്ങള്‍ അഭിമാനത്തോടെ പറയുമായിരുന്നു ഞങ്ങളുടെ ഹോം ടൌണ്‍ ഇതാണെന്ന്.പക്ഷെ ഇന്ന് ഞങ്ങള്‍ 15 പേരും ലോകത്തിന്റെ പല ഭാഗത്ത് ജീവിക്കാന്‍ വേണ്ടി കഷ്ടപെടുന്നു..മൂന്നാറിനെ കുറിച് കുറച്ചു വിവരങ്ങള്‍ എല്ലാവര്ക്കും നല്‍കണം എന്ന് മാത്രം ആഗ്രഹിച്ച്ച് ആണ് ഞാന്‍ ഇത് എഴുതിയത്.ഞങ്ങളുടെ ലൈഫില്‍ ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു നഗരത്തിനു ഞങ്ങളുടെ വക ഒരു സമ്മാനം.